തിരൂര്‍: യുവജനങ്ങളില്‍ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരോട് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമായുള്ള ബിയോണ്ട് ദ ഹൊറൈസണ്‍ എ റൈഡ് ഫോര്‍ റെസിലിയന്‍സ് അഖിലേന്ത്യാ സംവാദയാത്ര ജില്ലയിലെത്തി.
സഫ്ദര്‍ ഹാഷ്മിയുടെ സഹോദരീപുത്രിയും മോട്ടിവേഷണല്‍ സ്പീക്കറും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ സെഹര്‍ ഹാഷ്മി നയിക്കുന്ന അഖിലേന്ത്യ പര്യടനത്തിന്റെ ജില്ലയിലെ ഏക കേന്ദ്രമായ തിരൂരിലായിരുന്നു സ്വീകരണം.
പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം വി.കെ. ജയ് സോമനാഥന് യാത്രയെയും സെഹര്‍ ഹാഷ്മിയുടെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തി. യാത്രയിലുള്ള സമീറ അഷ്റോഫ് യാത്രാംഗങ്ങളെ പരിചയപ്പെടുത്തി. സംഘാടക സമിതി ചെയര്മാന് കെ. കൃഷ്ണന് നായര്‍, പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ടി.ടി. ജയ, പി.പി. ലക്ഷ്മണന്, എം. മധു എന്നിവര്‍ പ്രസംഗിച്ചു. സെഹര്‍ ഹാഷ്മി സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് സദസുമായി സംവാദവും നടത്തി.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള മുന്‍വിധികളും അപകര്‍ഷതാ ബോധവും മാറ്റിവച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിതുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സെഹര്‍ ഷാഷ്മിയും സംഘവും യാത്ര നടത്തുന്നത്. സണ്ണി ലോച , അമിത് യാദവ്,ഫര്‍ഹദ് ഖാന്, രാകേഷ് സൈനി, സമീറ അഷ്റോഫ് എന്നിവരാണ് സംഘത്തിലുള്ളത്.